പുകയില ഉത്പന്നങ്ങൾക്കും ഇ-സിഗരറ്റുകൾക്കും കർശന നിയന്ത്രണവുമായി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: രാജ്യത്ത് പുകയില, നിക്കോട്ടിൻ ഉത്പന്നങ്ങളുടെ ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിനായി സമഗ്ര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത്. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 2027 ജനുവരി 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി പുറപ്പെടുവിച്ച 2026-ലെ 237-ാം നമ്പർ പ്രമേയത്തിലൂടെയാണ് ഇ-സിഗരറ്റുകൾ, ഹീറ്റഡ് ടുബാക്കോ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഡെലിവറി സർവീസുകൾ എന്നിവ വഴി പുകയിലയോ നിക്കോട്ടിൻ ഉത്പന്നങ്ങളോ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും പൂർണ്ണമായും നിരോധിച്ചു. പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സായി ഉയർത്തുകയും ചെയ്തു.

സിവിൽ ഐഡി ഉപയോഗിച്ച് പ്രായം ബോധ്യപ്പെട്ടാൽ മാത്രമേ വിൽപന അനുവദിക്കൂ. 21 വയസ്സിൽ താഴെയുള്ളവർക്ക് വിൽപന നടത്തില്ല എന്ന കാര്യം കടകളിൽ അറബിയിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണം. കൂടാതെ പുകയില ഉത്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ പരസ്യങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർ വഴിയുള്ള പ്രചാരണങ്ങൾക്കും വിലക്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, സിനിമ തിയേറ്ററുകൾ എന്നിവിടങ്ങളിലും ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയോ വിതരണമോ പാടില്ല. പലചരക്ക് കടകൾ, മൊബൈൽ വണ്ടികൾ, താത്കാലിക കിയോസ്‌കുകൾ എന്നിവ വഴിയുള്ള വിൽപനയ്ക്കും അനുവാദമുണ്ടാകില്ല.

കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള കാർട്ടൂൺ കഥാപാത്രങ്ങളോ മിഠായിക്ക് സമാനമായ പാക്കേജിംഗുകളോ പുകയില ഉത്പന്നങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. ‘വീര്യം കുറഞ്ഞത്’ അല്ലെങ്കിൽ ‘ആരോഗ്യത്തിന് ഹാനികരമല്ലാത്തത്’ എന്ന തരത്തിലുള്ള തെറ്റായ അവകാശവാദങ്ങൾ ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തുന്നതിനും നിരോധനമുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള നിലവിലെ എല്ലാ നിയന്ത്രണങ്ങളും ഇ-സിഗരറ്റുകൾക്കും വെയ്പിംഗിനും ബാധകമായിരിക്കും. പുകവലി നിരോധിച്ച സ്ഥലങ്ങളിൽ ഇവ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കും. ആരോഗ്യ മന്ത്രാലയം, പരിസ്ഥിതി പോലീസ്, കസ്റ്റംസ് എന്നിവയുടെ നേതൃത്വത്തിൽ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ നിലവിലുള്ള നിയമപ്രകാരം കർശനമായ പിഴയും ശിക്ഷയും ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!