കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിലൊന്നായ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ ഗതാഗത നിയന്ത്രണം. ഒരാഴ്ചത്തേക്കാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. റോഡിലെ വലതുവശത്തെ രണ്ട് ലെയിനുകളും ബയാൻ മേഖലയ്ക്ക് എതിർവശത്തായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലേക്കുള്ള (ഫിഫ്ത് റിംഗ് റോഡ്) സെക്കൻഡറി പ്രവേശന കവാടവും അടച്ചിടും.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണം നിലനിൽക്കുന്ന സമയത്ത് വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും റോഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് അടയാളങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.








