കുവൈത്ത് സിറ്റി: ഉപഭോക്തൃ സംരക്ഷണ ലംഘനം നടത്തിയ സഹകരണ സംഘങ്ങൾക്കെതിരെ നടപടിയുമായി കുവൈത്ത്. ക്യാപിറ്റൽ ഗവർണറേറ്റിലെ സഹകരണ സംഘങ്ങളിലും അവയോട് അനുബന്ധിച്ചുള്ള വാണിജ്യ സ്ഥാപനങ്ങളിലും വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴ് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ക്യാപിറ്റൽ ഇൻസ്‌പെക്ഷൻ സൂപ്പർവിഷൻ ടീം നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. സാധനങ്ങൾക്ക് കൃത്യമായി വില പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നങ്ങൾ ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന ലേബലുകൾ പതിപ്പിക്കാതിരിക്കുക, സാധനങ്ങൾ തിരിച്ചെടുക്കുന്നതും മാറ്റിയെടുക്കുന്നതും സംബന്ധിച്ച നിബന്ധനകൾ ഉപഭോക്താക്കൾക്കായി പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് അധികൃതർ കണ്ടെത്തിയത്.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള കൂടുതൽ നിയമനടപടികൾക്കായി ഇവരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.








