കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈ സ്‌കൂൾ, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട നിർണ്ണായക യോഗം ഇന്ന് ചേരുന്നു. നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിലാണു മാനവ ശേഷി സമിതിയുടെ ഡയരക്റ്റർ ബോർഡ് യോഗം ചേരുന്നത്. യോഗത്തിൽ 60 വയസ്സ് പ്രായമായ വിദേശികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്ന വിഷയം ചർച്ച ചെയ്യുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് 250 ദിനാർ വാർഷിക ഫീസും നിശ്ചിത ഇൻഷുറൻസ് ഫീസും ചുമത്തി തൊഴിൽ അനുമതി രേഖ പുതുക്കി നൽകുക എന്നതാണു നിലവിൽ രൂപപ്പെട്ട പരിഹാര മാർഗ്ഗം. ഈ വിഭാഗത്തിൽ പെട്ടവർക്ക് വാർഷിക ഇൻഷുറൻസ് ഫീസ് 500 ദിനാറിൽ പരിമിതപ്പെടുത്താമെന്ന് ഇൻഷുറൻസ് ഫെഡറേഷൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.അങ്ങിനെയെങ്കിൽ പ്രതി വർഷം 750 ദിനാർ നിരക്കിൽ ഈ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ അനുമതി രേഖ പുതുക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ. ഈ നിബന്ധനയിൽ നിന്ന് കുവൈത്തി സ്ത്രീകൾക്ക് വിദേശിയായ ഭർത്താവിൽ ജനിച്ച മക്കൾ, കുവൈത്തിൽ ജനിച്ചവർ, ഫലസ്ത്വീൻ പൗരന്മാർ എന്നിവരെ ഒഴിവാക്കുവാനും ആലോചനയുണ്ട്. ഡയരക്റ്റർ ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം അനുസരിച്ചായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.