വിദേശ തൊഴിലാളികളുടെ ആരോഗ്യ പരിശോധന കേന്ദ്രങ്ങളിൽ പുതിയ സമയക്രമം

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ ആരോഗ്യ പരിശോധന കേന്ദ്രങ്ങളിൽ പരിശോധന സമയത്തിൽ മാറ്റം. ഇത്‌ അനുസരിച്ച്‌ ഷുവൈഖ്, സബഹാൻ, ജഹ്‌റ, ഉമ്മുൽ ഹൈമാൻ എന്നിവിടങ്ങളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ ഇന്ന് രാവിലെ 7.30 മുതൽ ഉച്ചക്ക്‌ 1 മണി വരെയും ഉച്ചക്ക്‌ ഒരു മണി മുതൽ രാത്രി 8 മണി വരെയും രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കും. രാവിലെ 7.30 മുതൽ ഉച്ചക്ക്‌ 1 മണി വരെയുള്ള സമയം കുവൈത്തി സ്‌പോൺസറുടെ സാന്നിധ്യത്തിൽ ഗാർഹിക തൊഴിലാളികൾക്കുള്ള പരിശോധന നടത്തും. ഉച്ചക്ക് 1 മണി മുതൽ രാത്രി 8 മണി വരെയുള്ള സമയങ്ങളിൽ ബാക്കിയുള്ള പ്രവാസി തൊഴിലാളികളുടെ പരിശോധന ആയിരിക്കും നടത്തുക. മുൻകൂർ അപ്പോയ്മെൻറ് ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സമയം അനുവദിക്കുക.

ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽസയീദ് കഴിഞ്ഞ ദിവസം ഷുവൈഖിലെ ആരോഗ്യ പരിശോധന കേന്ദ്രം സന്ദർശിച്ച ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തിരക്ക് തടയുന്നതിനും സേവനം സുഗമമാക്കുന്നതിനും മുൻകൂർ അപ്പോയിന്റ്‌മന്റ്‌ അനുസരിച്ച് സമയം പാലിച്ചു കൊണ്ട് പരിശോധന കേന്ദ്രങ്ങളിൽ എത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.