കുവൈത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നെങ്കിലും രാജ്യത്തെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ കോവിഡ്‌ കേസുകൾ വർധിക്കുന്നെങ്കിലും രാജ്യത്തെ ആരോഗ്യ സ്ഥിതി തൃപ്തികരവും സുസ്ഥിരവുമായി തുടരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പകർച്ചവ്യാധി അന്വേഷണ നടപടിക്രമങ്ങൾ തുടരുന്നതോടൊപ്പം രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്ന കേസുകൾ വേഗത്തിൽ കണ്ടെത്തുന്നതിനും ഒന്നിലധികം സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള സ്രവ പരിശോധനകൾ നടത്തി വരുന്നതായും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡുമായി ബന്ധപെട്ട ആഗോള തലത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കോവിഡ് രോഗികൾക്ക് വേണ്ടി സജ്ജീകരിച്ച തീവ്രപരിചരണ വിഭാഗങ്ങളിൽ ഈ മാസം 8 മുതൽ രോഗികളായി ആരും തന്നെ ഇല്ല. മാത്രവുമല്ല കഴിഞ്ഞ ഏപ്രിൽ 3 ന് ശേഷം കോവിഡ്‌ ബാധയെ തുടർന്നുള്ള ഒരു മരണവും രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുമില്ല. ഈ മാസം മുതൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്‌ തുടരുമ്പോഴും രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നതിന്റെ സൂചനയാണു ഇതെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.