കുവൈത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു : കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പ്രതിദിനം 500 കേസുകൾ റിപ്പോർട്ട് ചെയ്തു

കുവൈത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രതിദിനം 500 കേസുകൾ എന്ന നിലയിലാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. ഇതോടൊപ്പം ആശുപത്രി വാർഡുകളിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപെടുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവ്‌ ഉണ്ടായതായും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 35 രോഗികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലെ കോവിഡ്‌ വാർഡുകളിൽ പ്രവേശിപ്പിച്ചത്. 4 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലും കഴിയുന്നു. ഈ സാഹചര്യത്തിൽ അപകട സാധ്യതയുള്ളവർ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഊന്നിപ്പറഞ്ഞു. രാജ്യത്തെ പകർച്ച വ്യാധി സാഹചര്യം ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രായമായവർ ഒത്തുചേരലുകളിൽ നിന്നും അടച്ചിട്ട സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അതേ സമയം രാജ്യത്ത് ഇത് വരെയായി ബൂസ്റ്റർ ഡോസ് സ്വീകരിച്ച സ്വദേശികളുടെയും വിദേശികളുടെയും എണ്ണം 1,350,106 ആയതായും അധികൃതർ അറിയിച്ചു.