കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 50.75 ബില്യൺ ദിനാർ. 2011 മുതൽ കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 2011ൽ 3.54 ബില്യൺ ദിനാറാണു പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. എന്നാൽ 2021 ൽ ഇത് ഏകദേശം 5.52 ബില്യൺ ആയി ഉയർന്നു. കഴിഞ്ഞ 11 വർഷമായി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടുകളിൽ വ്യത്യസ്തമായ മാറ്റങൾ വന്നതും ശ്രദ്ധേയമാണു.ആഗോള തലത്തിൽ പല രാഷ്ട്രീയ സംഭവങ്ങളും അരങ്ങേറിയ 2011 ൽ പോലും ഏകദേശം 3.54 ബില്യൺ ദിനാറാണു കുവൈത്ത് പ്രവാസികൾ നാട്ടിലേക്കയച്ചത്. 2012ൽ ഇത് 4.28 ബില്യൺ ദിനാർ ആയിരുന്നു.2016ൽ 4.56 ബില്യൺ ദിനാറിൽ എത്തി റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. എന്നാൽ 2017 ൽ ഇത് 9 ശതമാനം കുറഞ്ഞു 4.21 ബില്യൺ ദിനാറിൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.അതേ സമയം കൊവിഡ് കാലയളവിൽ 2020/2021 ൽ 5.29 ബില്ല്യൺ ദിനാറാണു കുവൈത്ത് പ്രവാസികൾ നാട്ടിലേക്കയച്ചത്. ഇതിനു തൊട്ടു മുമ്പുള്ള വർഷം ഇത് 4.46 ബില്ല്യൺ ദിനാറായിരുന്നു എന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു .