കുവൈറ്റ് : ഈ വർഷം കുവൈത്തിൽ പതിനായിരക്കണക്കിന് പ്രവാസികളെ നാടുകടത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 23,000 പൗരന്മാരെയാണ് നാടുകടത്തിയാതായി പത്ത് മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും പൊതുതാത്പര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശം ലഭിച്ചവരെയുമാണ് നാടുകടത്തിയത്.
ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. പുരുഷന്മാരും സ്ത്രീകളുമായി ഇന്ത്യക്കാരായ 8,000 പേർ ഈ വർഷം കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശികളാണ് രണ്ടാമതുള്ളത്. ബംഗ്ലാദേശിൽ നിന്നുള്ള 5,000 പേരാണ് ഇതുവരെ നാടുകടത്തപ്പെട്ടത്. ശ്രീലങ്കയില്‍ നിന്നുള്ള 4,000 പേരെ നാടുകടത്തിയപ്പോൾ 3,500 പേർ നാടുകടത്തപ്പെട്ട ഈജിപ്റ്റാണ് നാലാം സ്ഥാനത്തുള്ളത്.
80% നാടുകടത്തപ്പെട്ടവരും കോടതി വിധി പ്രകാരം നാടുകടത്തപ്പെട്ടവരാണ്. ബാക്കിയുള്ള 20 ശതമാനം പേര്‍ പൊതു താല്‍പ്പര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാന പ്രകാരം നാടുകടത്തിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരും സ്ത്രീകളുമായി 1,500 പേര്‍ നിലവല്‍ നാടുകടത്തല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെയും രാജ്യത്ത് നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും. അതേസമയം തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്.