കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി എന്ന പ്രത്യേകതയുമായി കുവൈത്ത് ദിനാർ. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യമുള്ള കുവൈത്തി ദിനാർ ,മൂല്യത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഒരു കുവൈത്തി ദിനാറിന്റെ നിലവിലെ നിരക്ക് എകദേശം 270 ഇന്ത്യൻ രൂപക്ക് മുകളിലാണ്.
ഈയിടെ ലോകത്തെ മിക്ക രാജ്യങ്ങളുടെയും കറൻസികൾക്ക് ഡോളറിനെതിരെ വിലയിടിഞ്ഞപ്പോഴും മൂല്യതകർച്ച നേരിടാതെ പിടിച്ചു നിന്ന അപൂർവ്വം കറൻസികളിൽ ഒന്ന് കുവൈത്ത് ദിനാർ ആണ്. കഴിഞ്ഞ 2 വർഷത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ അര ശതമാനത്തിൽ താഴെ മാത്രമാണ് കുവൈത്തി ദിനാറിന് തിരിച്ചടി നേരിടേണ്ടി വന്നത്.
ഈ കാലയളവിൽ ഇന്ത്യൻ രൂപയ്ക്കും കനത്ത തിരിച്ചടി നേരിട്ടത് നാട്ടിലേക്ക് പണമയക്കുന്ന കുവൈത്തി പ്രവാസികൾക്കും ഏറെ ഗുണകരമായിരുന്നു. കുവൈത്ത് ദിനാർ 1961ലാണ് ആരംഭിച്ചത്. 1990ൽ ഇറാഖ് അധിനിവേശം നടന്നപ്പോൾ പിന്നീട് ആ കറൻസികൾ റദ്ദ് ചെയ്തു പുതിയ കരൻസി ഇറക്കിയപ്പോഴും കുവൈത്തി ദിനാർ പഴയ കരുത്തിൽ ഉറച്ചു നിൽക്കുകയാണ് ഉണ്ടായത്.