കുവൈത്ത്: കുവൈത്തിൽ കഴിഞ്ഞ 23 ദിവസമായി തടവിൽ കഴിയുന്ന 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ആരോഗ്യ പ്രവർത്തകരെയും വിട്ടയച്ചു. ഇവരിൽ 19 പേർ മലയാളി നഴ്സുമാരാണ്.
ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്. തടവിൽ കഴിയുന്ന നഴ്സുമാരുടെ ബന്ധുക്കൾ ഇവരുടെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം കഴിഞ്ഞ ദിവസം രാത്രി ആഭ്യന്തര മന്ത്രിയെ നേരിട്ട് സന്ദർശിക്കുകയും പരാതി അറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വീടിനു സമീപത്തുള്ള പള്ളിയിൽ വെച്ച്ചായിരുന്നു ഇവർ മന്ത്രിയോട് സങ്കടം അറിയിച്ചത്.
ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു മുഴുവൻ പേരെയും വിട്ടയക്കാൻ നിർദേശിക്കുകയായിരുന്നു.
								
															
															
															






