കുവൈത്ത് സിറ്റി: കുവൈത്ത് ഇ-വിസയ്ക്ക് അപേക്ഷ നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ ലളിതം. ഇനി വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ഇ-വിസയ്ക്ക് അപേക്ഷ നൽകാം. ടൂറിസത്തിനോ ബിസിനസിനോ വേണ്ടി യാത്ര നടത്താനൊരുങ്ങുന്നവർക്ക് വളരെ ലളിതമായ രീതിയിൽ സ്വന്തം വീട്ടിലിരുന്ന് തന്നെ ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. കുവൈത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് ഇ-വിസയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.
കുവൈത്ത് വിസ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം യാത്രക്കാരൻ അനുയോജ്യമായ വിസ തിരഞ്ഞെടുക്കണം. വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയും, ബിസിനസ് യാത്രക്കാർക്ക് ബിസിനസ് വിസയും, കുടുംബാംഗങ്ങളെ ക്ഷണിക്കുന്ന പ്രവാസികൾക്ക് ഫാമിലി വിസയും സൈറ്റിൽ ലഭ്യമാണ്.
തുടർന്ന് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വ്യക്തിഗത വിവരങ്ങളും യാത്രാ വിവരങ്ങളും പൂരിപ്പിക്കണം. ബിസിനസ് വിസ ആവശ്യമായ സ്ഥാപനങ്ങൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം ആഭ്യന്തര മന്ത്രാലയം പോർട്ടലിൽ ലോഗിൻ ചെയ്യാൻ ആവശ്യമായ ക്രെഡൻഷ്യലുകൾ നൽകും. വിസ അംഗീകരിക്കപ്പെട്ടാൽ ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാൻ കഴിയും.