കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പ്രാബല്യത്തിൽ വന്നു. ഇന്നലെ മുതലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്. ഇത് അനുസരിച്ച് രാജ്യത്തിനകത്ത് എല്ലാ തരം ഗ്യാസ് സിലിണ്ടറുകളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിക്കും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിക്കും മാത്രമായിരിക്കും.
ഈ രണ്ട് കമ്പനികളും അല്ലാത്ത മറ്റു കമ്പനികൾ ഇറക്കുമതി ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ, അവയുടെ അനുബന്ധ ഉപകരണങ്ങൾ, ഗ്യാസ് റെഗുലേറ്ററുകൾ, എല്ലാ തരം വലുപ്പത്തിലും ആകൃതിയിലുമുള്ള ഹോസുകൾ എന്നിവ പ്രാദേശികമായി വിൽക്കുന്നത് കുറ്റകരമായിരിക്കും.