കുവൈത്ത് സിറ്റി: രാജ്യത്ത് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന പുതിയ സ്മാർട് പട്രോളിംഗ് ആരംഭിച്ച് കുവൈത്ത്. പ്രത്യേക ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന പട്രോളിംഗ് വാഹനത്തിലെ സ്മാർട്ട്, മൊബൈൽ ക്യാമറ ഉപയോഗിച്ച് കൊണ്ടായിരിക്കും മറ്റു വാഹനങ്ങളിലെ ഡ്രൈവർ ഉൾപെടെയുള്ള യാത്രക്കാരുടെയും വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് വിവരങ്ങളും ശേഖരിക്കുക. പുതിയ സംവിധാനത്തിലൂടെ പിടികിട്ടാ പുള്ളികളെയും കുറ്റകൃത്യങ്ങളിൽ അകപ്പെട്ട വാഹനങ്ങളെയും ഉടൻ തന്നെ തിരിച്ചറിയാൻ കഴിയും.
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പട്രോളിംഗ് വേളയിൽ പകർത്തുന്ന ക്യാമറ ചിത്രങ്ങൾ പ്രോസസ്സിംഗിനും വിശകലനത്തിനുമായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് അയക്കും. തുടർന്ന് ഇവ ലഭ്യമായ ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്നതിലൂടെ പിടികിട്ടാപുള്ളികളെയും കുറ്റകൃത്യങ്ങളിൽ അകപ്പെട്ട വാഹനങ്ങളെയും വേഗത്തിൽ തിരിച്ചറിയുവാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നതാണ്.