കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ നൽകി വരുന്ന റേഷൻ ഉത്പന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയുന്നതിനു നിലവിലെ നിയമം കർശനമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിയമലംഘകർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അൽ സാബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
റേഷൻ ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നത് അർഹരായ പൗരന്മാരിൽ മാത്രമായി പരിമിതപ്പെടുത്തുവാനും യോഗത്തിൽ തീരുമാനമായി. സ്വദേശികൾക്ക് സബ്സിഡി നിരക്കിൽ നൽകി വരുന്ന പാൽ പൊടി, പാചക എണ്ണ, അരി മുതലായ നിരവധി ഉത്പന്നങ്ങൾ വിദേശികൾ നാട്ടിലേക്ക് കൊണ്ടു പോകുന്നതും വിദേശത്തേക്ക് കള്ളക്കടത്ത് നടത്തുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ കടുപ്പിക്കുന്നത്.







