കുവൈത്ത് സിറ്റി: കുവൈത്തിൽ ചാർക്കോൾ പുകയിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസനത്തെ തുടർന്ന് മൂന്ന് പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സുലൈബിഖാത്ത് പ്രദേശത്താണ് സംഭവം. കുവൈത്ത് അടിയന്തര മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി മൂവരെയും പ്രാഥമികമായി ചികിത്സിച്ച ശേഷം കൂടുതൽ പരിചരണത്തിനായി അൽ-സബാഹ് ആശുപത്രിയിലേക്ക് മാറ്റി.
അടച്ചിട്ടതോ മതിയായ വായുസഞ്ചാരം ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ ചാർക്കോൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടച്ചിട്ട ഇടങ്ങളിലോ കുറഞ്ഞ വായുസഞ്ചാരമുള്ള സ്ഥലങ്ങളിലോ ചാർക്കോൾ കത്തിക്കുന്നത് അത്യന്തം അപകടകരമാണെന്നാണ് കുവൈത്ത് ഫയർ ഫോഴ്‌സ് നൽകുന്ന മുന്നറിയിപ്പ്.
കാർബൺ മോണോക്‌സൈഡ് നിറമില്ലാത്തതും ഗന്ധമില്ലാത്തതുമായ വാതകമായതിനാൽ ശ്വാസംമുട്ടൽ, ബോധക്ഷയം, മരണത്തിലേക്കും നയിക്കാമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.







