കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യോമ പ്രതിരോധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ. കുവൈത്തിൽ മിസൈലുകൾ തടയുന്ന കവ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സൈനിക-സുരക്ഷാ പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചത് ദേശീയ സുരക്ഷയ്ക്കും പൊതുതാൽപര്യത്തിനും വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രതി വാഹനം ഓടിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയതായും ഇതുമൂലം വാഹനാപകടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. ട്രാഫിക് നിയമലംഘനവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങൾ, സുരക്ഷാ പ്രവർത്തനങ്ങൾ, വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതെന്ന് മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം കർശനമായി നിരോധിച്ചിട്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








