പാർപ്പിട, വാണിജ്യ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററുകളുടെ രൂപകൽപ്പന; പുതിയ സാങ്കേതിക മാനദണ്ഡങ്ങളുമായി കുവൈത്ത്

IMG-20261102-WA0004

കുവൈത്ത് സിറ്റി: പാർപ്പിട, വാണിജ്യ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററുകളുടെ രൂപകൽപ്പനയ്ക്കും സ്ഥാപിക്കുന്നതിനുമായി പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ഊർജക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സബീഹ് അൽ മുഖൈസീം പുറത്തിറക്കിയ 2026ലെ 131-ാം നമ്പർ മന്ത്രിതല ഉത്തരവ് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമിൽ’ പ്രസിദ്ധീകരിച്ചു. പുതിയ നിയമപ്രകാരം താമസ ആവശ്യങ്ങൾക്കല്ലാത്ത വാണിജ്യ, മറ്റ് കെട്ടിടങ്ങളിൽ വെള്ളം ചൂടാക്കുന്നതിനുള്ള മൊത്തം ഊർജ ആവശ്യകതയിൽ കുറഞ്ഞത് 60 ശതമാനം ലാഭം ഉറപ്പാക്കുന്ന സംവിധാനങ്ങൾ സ്ഥാപിക്കണം. ഇതിനായി ഊർജക്ഷമതയുള്ള ആധുനിക വാട്ടർ ഹീറ്റിങ് സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവരും.

 

അതേസമയം, താമസ കെട്ടിടങ്ങളിൽ ഏത് തരത്തിലുള്ള വാട്ടർ ഹീറ്റർ വേണമെങ്കിലും തിരഞ്ഞെടുക്കാൻ അനുമതിയുണ്ട്. എന്നാൽ, സോളാർ വാട്ടർ ഹീറ്ററുകൾ, ഹീറ്റ് പമ്പ് സംവിധാനങ്ങൾ തുടങ്ങിയ ഉയർന്ന ഊർജക്ഷമതയുള്ള സംവിധാനങ്ങൾ തിരഞ്ഞെടുക്കുന്നവർ പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കണം. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്കും അധിക വൈദ്യുതി ആവശ്യമായി വരുന്ന തരത്തിൽ നിലവിലുള്ള കെട്ടിടങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ വ്യവസ്ഥകൾ ബാധകമാണ്. വാട്ടർ ഹീറ്ററുകളും അനുബന്ധ ഉപകരണങ്ങളും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി നിശ്ചയിച്ച KWS 1903:2025 നിലവാരമോ അതിന്റെ പുതുക്കിയ പതിപ്പോ പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിനുശേഷമാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരിക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!