കുവൈത്ത് സിറ്റി : കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന സ്വദേശികളും വിദേശികളുമായി രോഗികൾക്കും യാതൊരു വിവേചനവും കൂടാതെ ശരിയായ പരിചരണം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം രോഗികൾക്ക് ചികിത്സാ ഫീസ് നൽകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ മാനുഷിക സാഹചര്യങ്ങളിൽ ഇത്തരം രോഗികളോട് ചികിത്സാ ഫീസ് ആവശ്യപെടില്ലെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ശക്തമായ ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തി ഇതര രോഗികൾക്ക് നടത്തുന്ന ശസ്‌ത്ര ക്രിയകൾക്കും കാർഡിയാക് കത്തീറ്ററൈസേഷനും മന്ത്രാലയ ചട്ടങ്ങൾ പ്രകാരം ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുവൈത്തി ഇതര രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസക്കാലത്തേക്ക് രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകൾ സൗജന്യമായി നൽകി വരുന്നതായും അധികൃതർ വ്യക്തമാക്കി.