കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടിക്ക് കിരീടാവകാശിയും മന്ത്രിസഭയും അംഗീകാരം നൽകി. ഇതുസംബന്ധിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ഉന്നത താൽപര്യങ്ങളും
സ്വാതന്ത്ര്യവും സംരക്ഷിക്കാനും പൗരന്മാരുടെ അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കാനുമാണ് ഈ ഉത്തരവെന്ന് കിരീടാവകാശി വ്യക്തമാക്കി.
ഭരണഘടനയുടെ 107ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ട് നേരത്തേ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അമീരി ഉത്തരവ് അംഗീകരിച്ച് കിരീടാവകാശിക്ക് അയക്കുകയായിരുന്നു.