കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃത താമസക്കാർക്കെതിരെ ആരംഭിച്ച സുരക്ഷാ പരിശോധന തുടരുന്നു. ഇന്ന് അബ്ദലി കാർഷിക മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 100 പേരെയാണ് പിടികൂടിയത്. പ്രദേശത്തെ ഫാമുകളിലും റിസോർട്ടുകളിലും കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. ജഹ്‌റ ഗവർണറേറ്റിലെ സുരക്ഷാ ഓപ്പറേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ താമസകാര്യ അന്വേഷണ വിഭാഗവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. പിടിയിലായവരിൽ ഭൂരിഭാഗവും താമസ രേഖാ കാലാവധി അവസാനിച്ചവരും സ്പോൺസര്മാരിൽ നിന്നും ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളുമാണ്.
താമസ നിയമ ലംഘകരായ പ്രവാസികളെ പിടികൂടുന്നതിനായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അല്ല ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് രാജ്യ വ്യാപമായി സുരക്ഷാ പരിശോധന ആരഭിച്ചിരിക്കുന്നത്. സ്പോൺസർമാർക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെയും കാമ്പയിനിൽ ലക്ഷ്യമിടുന്നതായും പിടിക്കപ്പെടുന്നവരെ ഉടൻ തന്നെ നാടു കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി