കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷത്തിൽ ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് കുവൈത്ത് സഹായം തുടരുന്നു.
ദുരിതാശ്വാസ സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) പത്താമത്തെ വിമാനം കഴിഞ്ഞദിവസം
പുറപ്പെട്ടു. 10 ടൺ സഹായ വസ്തുക്കളാണ് വിമാനത്തിൽ അടങ്ങിയിട്ടുള്ളത്.
മെഡിക്കൽ സാമഗ്രികളും ടെന്റുകളും അടങ്ങുന്നതാണ് സഹായമെന്ന് കെ.ആർ.സി.എസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു. കാമ്പയിൻ സുഡാനിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കുറക്കുമെന്നും സുഡാനുള്ള ദുരിതാശ്വാസ സഹായ കാമ്പയിൻ തുടരുമെന്നും ആവശ്യമായ സാമഗ്രികൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഡാനീസ് ജനതയ്ക്ക് കൂടുതൽ സഹായം അയക്കാനുള്ള താൽപര്യവും അദ്ദേഹം അറിയിച്ചു. അവശ്യസാധനങ്ങളുടെ ദൗർലഭ്യമുണ്ടെന്നും ആഭ്യന്തര കലഹങ്ങൾ കാരണം ജനങ്ങൾ വലിയ പ്രയാസത്തിലാണെന്നും ഖാലിദ് അൽ സെയ്ദ് പറഞ്ഞു.
ഇതോടെ സർക്കാരുമായി സഹകരിച്ച് കെ.ആർ.സി.എസ് സുഡാനിലേക്ക് അയച്ച ദുരിതാശ്വാസ സഹായം 100 ടണിലെത്തി. സുഡാൻ ജനതയെ സഹായിക്കുന്നതിനായി ദുരിതാശ്വാസ സഹായ കാമ്പയിന് തുടക്കമിടാൻ സർക്കാർ ആഹ്വാനം ചെയ്തിരുന്നു.