കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ വോട്ട് കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്
ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത വോട്ട് വാങ്ങലിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈനില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വോട്ടിന് പകരം പണവും ഉപഹാരങ്ങളും നല്‍കുന്നത് അഞ്ചുവർഷം വരെ തടവും, 5000 ദീനാര്‍ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. വോട്ടര്‍മാരെ സ്വാധീനിക്കുന്നത് നിരീക്ഷിക്കാന്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചതായും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി
സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നോട്ടിന് പകരം വോട്ട് വിവാദം ഉയര്‍ന്നിരുന്നു. ജൂണ്‍ ആറിന് 50 അംഗ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 254 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അഞ്ചുമണ്ഡലങ്ങളിൽ നിന്നായി 10 പേരെ വീതമാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിന്
ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കേ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ സഹായിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) 150 വളന്റിയർമാരെ റിക്രൂട്ട് ചെയ്തതായി അറിയിച്ചു. മുതിർന്ന വോട്ടർമാരെ വോട്ട് ചെയ്യാൻ സഹായിക്കൽ, ആരോഗ്യമന്ത്രാലയവുമായി ഏകോപിപ്പിച്ച് വൈദ്യസഹായം നൽകൽ എന്നീ സന്നദ്ധപ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെടുമെന്ന് സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. സേവനങ്ങൾ ഏകോപിപ്പിക്കുന്നതിന് വളന്റിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിലും കെ.ആർ.സി.എസ് വളന്റിയർമാർ സേവനങ്ങളുമായി രംഗത്തുണ്ടായിരുന്നു.