കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയിലേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനായി രാജ്യത്തെ ജനങ്ങൾ ചൊവ്വാഴ്ച വോട്ട് ചെയ്യും. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി ഒരുമണ്ഡലത്തിൽ നിന്ന് 10 എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. നാലുവർഷമാണ് സഭയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
15 സ്ത്രീകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പുതുക്കിയ വോട്ടർപട്ടിക പ്രകാരം
രാജ്യത്ത് 386,751 പുരുഷന്മാരും 406,895 സ്ത്രീകളും ഉൾപ്പെടെ 793,646 വോട്ടർമാരാണുള്ളത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിങ് പൂർത്തിയായതിനുപിറകെ വോട്ടെണ്ണൽ ആരംഭിക്കും.
ഒന്നാം മണ്ഡലത്തിൽ 34, രണ്ടാം മണ്ഡലത്തിൽ 45, മൂന്നാം മണ്ഡലത്തിൽ 34, നാലാം മണ്ഡലത്തിൽ 47, അഞ്ചാം മണ്ഡലത്തിൽ 47 പേർ എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് ദിവസം വിശ്രമദിനമായി കണക്കാക്കി എല്ലാ മന്ത്രാലയങ്ങള്‍ക്കും സർക്കാർ ഏജൻസികള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തിനു എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു. ആവശ്യമായ ക്രമീകരണങ്ങളും പിന്തുണയുമായി എല്ലാ മന്ത്രാലയങ്ങളും അധികാരികളും സ്ഥാപനങ്ങളും രംഗത്തുണ്ട്.
വോട്ടെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ഇൻഫർമേഷൻ മന്ത്രാലയം, ലോകമെമ്പാടുമുള്ള 50 മാധ്യമ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നതിൽ പങ്കാളികളാകാൻ നിരവധി സർക്കാറിതര സംഘടനകൾക്കും (എൻ.ജി.ഒ) മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. 2022 സെപ്റ്റംബർ 29നാണ് രാജ്യത്ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ഈ വർഷം മാർച്ച് 19ന് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധി പുറപ്പെടുവിച്ചു. 2020ലെ പാർലമെന്റ് കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, എപ്രിൽ 17ന് 2020ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ടു. ഇതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.