കുവൈത്ത്: കുവൈത്തിൽ ഏഴു മാസത്തിനിടെ പ്രവാസികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി റിപ്പോർട്ട്. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ പ്രവാസി തൊഴിലാളികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായി അധികൃതർ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടു ലക്ഷത്തിലേറെ പ്രവാസികളാണ് രാജ്യത്ത് വർധിച്ചത്. ഇതിൽ ഭൂരിപക്ഷവും വീട്ടുജോലിക്കാരാണ്. 2023 ജനുവരി മുതൽ ആഗസ്റ്റ് വരെ സ്വകാര്യ മേഖലയിൽ 39,000 പ്രവാസികളാണ് ജോലിയിൽ പ്രവേശിച്ചത്.
കുവൈത്തിലെ മൊത്തം പ്രവാസി സമൂഹത്തിൻറെ 30 ശതമാനവും ഇന്ത്യക്കാരാണ്. തൊട്ടുപിന്നിൽഈജിപ്തുകാരാണ് . കുവൈത്തികൾ, ഫിലിപ്പീനികൾ, ബംഗ്ലാദേശികൾ എന്നിങ്ങനെയാണ് മറ്റു തൊഴിലാളികളുടെ പട്ടിക. അതേസമയം, സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. നിലവിൽ നാലരലക്ഷം കുവൈത്തികളാണ് സർക്കാർ-പൊതു മേഖലയിൽ ജോലി ചെയ്യുന്നത്.
കോവിഡ് തടസ്സങ്ങൾ അവസാനിക്കുകയും വിപണിയും തൊഴിലവസരവും ഉയർന്നതും ഈ വർഷം പ്രവാസികളുടെ എണ്ണത്തിൽ വർധനവിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 മാർച്ച് വരെ 1.02 ദശലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ പ്രവാസികളായുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.