കുവൈത്ത്: കുവൈത്തിലെ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരായ പ്രവാസികളെ പിടി കൂടി നാട് കടത്തുന്നതിനു സമഗ്ര പദ്ധതി തയ്യാറാക്കിയതായിആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദേശ പ്രകാരമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നിലവിൽ രാജ്യ വ്യാപകമായി ശക്തമായ സുരക്ഷാ പരിശോധന നടത്തി വരികയാണ്. ഈ വർഷം ആദ്യം മുതൽ ആരംഭിച്ച പരിശോധന മുടക്കമില്ലാതെ തുടരുകയുമാണ്. ഇത്തരത്തിൽ ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് 19 വരെയുള്ള കാലയളവിൽ 25,000 പ്രവാസികളാണ് നാടു കടത്തലിനു വിധേയരായത് .അതായത് പ്രതിദിനം ശരാശരി 108 പ്രവാസികളെയാണ് നാടുകടത്തിയത്. ഇവരിൽ പതിനായിരം പേർ സ്ത്രീകളാണ്. താമസ നിയമ ലംഘനം,മയക്ക് മരുന്ന് ഉപയോഗം, അനാശാസ്യം മുതലായ കാരണങ്ങളാലാണ് ഭൂരിഭാഗം പേരും നാട് കടത്തലിനു വിധേയരായത്.