കുവൈത്തിൽ ഗതാഗത നിയമലംഘകരെ പിടി കൂടാനൊരുങ്ങി അഭ്യന്തര മന്ത്രാലയം. റോഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാകാൻ പുതിയ സംവിധാനം നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു. അമിതവേഗത ലംഘിക്കുമ്പോൾ ട്രാഫിക് ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ ഉപയോഗിച്ച് സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങൾ പരിശോധിക്കും. കഴിഞ്ഞ ആഴ്ച ഗതാഗത വകുപ്പ് അവതരിപ്പിച്ച ‘റസീദ്’ ആപ്പിലൂടെയാണ് നിയമ ലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുന്നത്.
‘റസീദ്’ ആപ്ലിക്കേഷൻ ആരംഭിച്ചതിനു ശേഷം പതിനായിരക്കണക്കിന് പിഴകളാണ് ഇതുവരെയായി ചുമത്തിയത്. അതിനിടെ സർക്കാർ ഏകജാലക ആപ്പായ സഹേൽ വഴിയാണ് ഉപഭോക്താക്കൾക്ക് ഫൈനുകൾ ലഭിക്കുകയെന്ന് അധികൃതർ പറഞ്ഞു. നടപടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിൻറെ ഭാഗമായാണ് പിഴകൾ ഓൺലൈനായി നൽകുന്നത്. പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായുള്ള ക്യാമറകളും റഡാർ സംവിധാനങ്ങളും രാജ്യത്തുടനീളം നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. റഡാറുകൾ വഴി മുന്നിലുള്ള വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കാതെയുള്ള ടെയിൽഗേറ്റിങ് ഡ്രൈവിംഗ് നടത്തുന്നവരും, അമിത ശബ്ദമുള്ള വാഹനങ്ങളും പുതിയ സംവിധാനം വഴി പിടികൂടുവാൻ സാധിക്കും.