കുവൈത്തില്‍ സ്വകാര്യ ഫ്ലാറ്റുകളുടെ അഡ്രസ്സ് സിവില്‍ ഐ.ഡി അപേക്ഷയോടൊപ്പം നല്‍കുന്നതിന്, അവിവാഹിതർക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിലക്ക് ഏര്‍പ്പെടുത്തി.
ഇതോടെ കുടുംബത്തോടൊപ്പമെല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍വിലാസം ഉപയോഗിക്കുവാന്‍ സാധിക്കില്ല. സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ അവിവാഹിതരെ താമസിപ്പിക്കുന്നത് തടയാനുള്ള സർക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.
സര്‍ക്കാര്‍ ഏകീകൃത ‘സഹേല്‍’ അപ്പ്ലിക്കേഷനിൽ വിദേശി താമസക്കാരുടെ വിശദാംശങ്ങൾ ലഭ്യമാണെന്നും കെട്ടിട ഉടമക്ക് ഓണ്‍ലൈനായി ആവശ്യമായ തിരുത്തലുകള്‍ വരുത്താമെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഔദ്യോഗിക വക്താവ് ഖാലിദ് അൽ-ഷമ്മരി അറിയിച്ചു. തെറ്റായ വിവരങ്ങള്‍ കണ്ടെത്തിയാല്‍ കെട്ടിട ഉടമകൾക്ക് പരാതി നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.