കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജി സി സി ട്രെയിൻ പദ്ധതിയുടെ നിർമാണ പ്രവർത്തികൾ കുവൈത്തിൽ ഉടൻ ആരംഭിക്കും. പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട ടെണ്ടർ, ലേല ഘട്ടത്തിലാണ്. കൺസൾട്ടിങ് ഓഫീസുകൾ വഴി ലഭിച്ച ടെണ്ടറുകളിൽ സാങ്കേതിക പഠനം പൂർത്തിയാക്കിയ ശേഷം സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ ഡിപ്പാർട്ടുമെന്റിന് സമർപ്പിച്ചിട്ടുണ്ട്. ഡിപ്പാർട്‌മെൻറ്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ കുവൈത്തിൽ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
കുവൈത്തിൽ നിന്ന് ആരംഭിച്ച് മസ്കത്ത് വരെ 2177 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ എല്ലാ ജി സി സി രാജ്യങ്ങളിലൂടെയും കടന്നുപോകും. അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് ജാബിർ അൽ അഹ്മദ് അൽ സബാഹ് മുന്നോട്ടുവെച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആശയത്തിന് 2009 ലാണ് അംഗീകാരം ലഭിച്ചത്. തുടർന്ന് സംയുക്ത അതോറിറ്റി 2012 ൽ സാധ്യത പഠനം നടത്തുകയും 2016 ൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.
265 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ആദ്യ ഘട്ടം രണ്ടു ഭാഗങ്ങളിലായാണ് പൂർത്തീകരിക്കുക.111 കിലോ മീറ്റർ നീളമുള്ള ആദ്യ ഘട്ടത്തിന്റെ ആദ്യ ഭാഗം നുവൈസീബിൽ നിന്ന് ആരംഭിച്ച് പുതിയ കുവൈത്ത് വിമാനത്താവളത്തിന്റെ തെക്കു- പടിഞ്ഞാറുള്ള അൽ ശതാദിയയിലാണ് അവസാനിക്കുക. ആദ്യ ഭാഗം പൂർത്തിയാക്കിയ ശേഷം ബൂബിയൻ ദീപിലെ മുബാറക് തുറമുഖത്തേക്ക് എത്തുന്ന തരത്തിൽ 154 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണം ആരംഭിക്കും. പാതകളുടെ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി 2030 ൽ ട്രെയിൻ ഓടിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ . പദ്ധതി യാഥാർഥ്യമാകുന്നതോടെ പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലും ചരക്കു വണ്ടികൾക്ക് 120 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാനാകും.
ജി സി സി ട്രെയിൻ സർവീസ് പ്രവർത്തന സജ്ജമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്ര – ചരക്ക് നീക്കം കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാകും.