കുവൈത്ത് സിറ്റി: കുവൈത്തിൽ ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റിൽ. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോകുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ആശുപത്രികളിൽ പ്രവേശിച്ച ശേഷം ജീവനക്കാരുടെ അശ്രദ്ധ മുതലാക്കിയാണ് ഇവർ പണവും മറ്റു വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപികയായ പ്രതിയിൽ നിന്ന് പൊലീസ് മോഷ്ടിച്ച പണം ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. നൂതന അന്വേഷണ സാങ്കേതിക വിദ്യകളും ആധുനിക ട്രാക്കിങ് രീതികളും ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.