കുവൈത്ത് സിറ്റി: പന്ത്രണ്ട് കാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവിനെ നാട്ടിലെത്തി കൊലപ്പെടുത്തി കുവൈത്തി പ്രവാസി. കൊലപാതകത്തിന് ശേഷം അന്ന് തന്നെ ഇയാൾ കുവൈത്തിലേക്ക് മടങ്ങുകയും ചെയ്തു. ആന്ധ്രയിലെ അണ്ണമായ്യ ജില്ലയിലാണ് സംഭവം. വിവരം സ്വന്തം യുട്യൂബിലൂടെ ഇയാൾ ഏറ്റു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വർഷങ്ങളോളമായി കുടുംബ സമേതം കുവൈത്തിൽ താമസിക്കുകയായിരുന്നു ഇയാൾ.
പീഡനശ്രമത്തിന് ഇരയായ പെൺകുട്ടിയും നേരത്തെ ഇവർക്കൊപ്പം കുവൈത്തിൽ ആയിരുന്നു താമസിച്ചത്. കുറച്ചു നാൾ മുമ്പാണ് കുട്ടിയെ ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമാക്കിയത്. മകളുടെ ചെലവുകൾക്ക് ഇയാൾ മുടങ്ങാതെ പണവും അയച്ചു നൽകിയിരുന്നു. അടുത്തിടെ ഭാര്യയുടെ അമ്മയെയും ഇയാൾ കുവൈത്തിലേക്ക് കൊണ്ടു പോയിരുന്നു. ഇതോടെ നാട്ടിൽ തനിച്ചായ മകളുടെ സംരക്ഷണ ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏൽപ്പിച്ചു. ആദ്യം കുട്ടിയെ നന്നായി ഇവർ പരിചരിച്ചുവെങ്കിലും തുടർന്ന് അതിനുള്ള വിസമ്മതം അറിയിക്കുകയായിരുന്നു. എന്നാൽ അതിനുള്ള കാരണം വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഭാര്യയുടെ അമ്മ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയും ബന്ധുവായ യുവാവ് പന്ത്രണ്ട് കാരിയായ പേര മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി വ്യക്തമാകുകയും ചെയ്തു.
ഇതോടെ പോലീസിൽ പരാതി നൽകി. എന്നാൽ പ്രതിയായ യുവാവിനെ താക്കീത് നൽകി വിട്ടയച്ചു എന്നത് ഒഴികെ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായില്ല. മാത്രവുമല്ല പരാതിക്കാരെ പോലീസ് ശകാരിക്കുകയും ചെയ്തു. ഇതോടെയാണ് മകളെ ഉപദ്രവിച്ചയാളെ കൊലപ്പെടുത്താൻ കുവൈത്തിൽ നിന്നും അതീവ രഹസ്യമായി പിതാവ് നാട്ടിൽ എത്തിയത്. പ്രതിയെ ഇരുമ്പ് വടി ഉപയോഗിച്ച് കൊലപ്പെടുത്തിയ പിതാവ് അന്ന് വൈകീട്ട് തന്നെ കുവൈത്തിലേക്ക് തിരിക്കുകയും ചെയ്തു. പോലീസ് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇതിനിടയിലാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പിതാവ് കൊലപാതക വിവരം പുറത്തു വിടുന്നത് .പ്രതിയെ കുവൈത്തിൽ നിന്ന് നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.