കുവൈത്തിൽ ശവ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കുന്നവർക്ക് 5000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ശവ സംസ്കാര വിഭാഗം ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി വ്യക്തമാക്കി. ശ്മശാനങ്ങളിൽ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി ചൂഷണം ചെയ്യാൻ എത്തുന്നവർക്ക് പ്രത്യേകിച്ച് സംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കുന്നവർക്ക് എതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടേയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ധേഹം അറിയിച്ചു.
രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ, കലാകാരന്മാർ തുടങ്ങിയവരുടെ ശവസംസ്കാര ചടങ്ങുകൾ ചിത്രീകരിക്കുവാനായി ഈയിടെ നിരവധി പേർ ശ്മശാനങ്ങളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ ശ്മശാനങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുന്നതോടൊപ്പം മൃതദേഹത്തോടുള്ള അനാദരവ് കൂടിയാണെന്ന വിമർശ്ശനങ്ങളും ഉയർന്നു വരുന്നുണ്ട്. മാത്രവുമല്ല പരേതരുടെയും ബന്ധുക്കളുടെയും സ്വകാര്യതയുടെ ലംഘനം കൂടിയാണ് ഇതെന്നും അദ്ധേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും സ്വീകരിക്കാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹി മുമ്പ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതായും അദ്ധേഹം വ്യക്തമാക്കി.