കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ ഈ വർഷം തറാവീഹ്, ഖിയാം അൽ ലൈൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കില്ലെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. നിലവിൽ പള്ളിയിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് പള്ളിയുടെ മതിലുകൾക്ക് പുറത്ത് ടെന്റുകൾ സ്ഥാപിക്കാൻ അനുവദിക്കും. ഇത് പ്രാർത്ഥനക്ക് വേണ്ടിയല്ലെന്നും മറിച്ച് നോമ്പ് തുറക്കുന്നവർക്കും ഭക്ഷണം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയായിരിക്കും. നിലവിൽ മന്ത്രാലയത്തിനു കീഴിലുള്ള നിരവധി പള്ളികളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വരികയാണ്. ഇതോടൊപ്പം പരവതാനികൾ നവീകരിക്കുവാനും അണുവിമുക്തമാക്കാനും ആവശ്യമായ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.