കുവൈത്തിൽ തിരക്കേറിയ റോഡിൽ മത്സരയോട്ടം നടത്തുകയും ഗതാഗത നിയമ ലംഘനം നടത്തി അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും ചെയ്ത പൊതു ഗതാഗത ബസുകളിലെ 2 ഡ്രൈവർമാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവർ ഓടിച്ച ബസുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. മത്സരയോട്ടത്തിലായിരുന്നു ഇരു ബസുകളും. ഇവയിൽ ഒന്ന് ബസ് സ്റ്റോപ്പിൽ നിന്ന് പുറത്ത് കടന്ന് തിരക്കേറിയ റോഡിൽ കുറുകെ നിർത്തി രണ്ടാമത്തെ ബസിനെ തടഞ്ഞു നിർത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്. രാജ്യത്തെ ഒട്ടു മിക്ക റൂട്ടുകളിലും സർവീസ് നടത്തുന്ന പൊതു ഗതാഗത ബസുകൾ തമ്മിലുള്ള മത്സരയോട്ടം, യാത്രക്കാർക്കും മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും ഏറെ അപകട ഭീഷണിയാണ് ഉയർത്തുന്നത്.