കുവൈത്ത് സിറ്റി: രാജ്യത്ത് വിസ നടപടി ഇനി കൂടുതൽ ലളിതവും സുരക്ഷിതവുമാകുകയാണ്. ഇതിനായി രൂപകൽപന ചെയ്ത ‘കുവൈത്ത് വിസ ആപ്’ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി. പരീക്ഷണ കാലത്തെ പ്രവർത്തനം വിലയിരുത്തിയാകും ആപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്നത്.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിസയുടെ സാധുത ഉറപ്പുവരുത്തൽ, വ്യാജ വിസ തടയൽ, ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പ്രവേശനം തടയൽ എന്നിവ ആപ്പ് വഴി സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
ഇത് രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാക്കും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് എൻട്രി വിസയുടെ സാധുത ഉറപ്പുവരുത്താനും സാധിക്കും.
ആപ്പ് പുറത്തിറക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്മെന്റ് എന്ന സമിതിയാണ്.
ആപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്നോടിയായി വിദേശകാര്യ മന്ത്രാലയം, വിവിധ എയർലൈനുകൾ, വിദേശത്തുള്ള കുവൈത്ത് എംബസികൾ എന്നിവരുമായി പ്രവർത്തനവും ഏകോപനവും നടത്തിവരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ വ്യാജ വിസ ഇല്ലാതാക്കാനും ക്രിമിനൽ രേഖകളോ പകർച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയാനും കഴിയും. ഇത് പ്രവാസികൾക്കും സർക്കാറിനും സഹായകമാകും. വിസസാധുത സ്വയം ഉറപ്പുവരുത്താൻ കഴിയുന്നത് ഈ മേഖലയിലെ തട്ടിപ്പിനും കുറവുണ്ടാക്കും.