കുവൈത്ത് സിറ്റി : കുവൈത്തിൽ ആർട്ടിക്കിൾ 18 വിസയിൽ സ്ഥാപനങ്ങളുടെ പാർട്ണർ, മാനേജിംഗ് പാർട്ണർ എന്നീ പദവികൾ വഹിക്കുന്നവർ അവരുടെ താമസരേഖ ആർട്ടിക്കിൾ 19 ലേക്ക് മാറ്റുവാൻ മാനവ ശേഷി സമിതി ആവശ്യപ്പെട്ടു.ഈ തസ്തികകൾ ആർട്ടിക്കിൾ 19 വിസയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഒരു വർഷത്തിനകം താമസ രേഖ ആർട്ടിക്കിൾ 19 ലേക്ക് മാറ്റുന്നതിനു സമയ പരിധി അനുവദിക്കുന്നതാണ്.
ഈ കാലയളവിൽ റസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാൻ കഴിയാത്ത വിദേശികൾക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാൻ നിശ്ചിത സമയം അനുവദിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികളുടെ ഉടമസ്ഥത നിരോധിക്കുന്ന നിയമം നീതിന്യായ മന്ത്രാലയം കഴിഞ്ഞ ആഴ്ചകളിൽ സജീവമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.