കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യമേഖലയിലെ ഫാർമസികൾ വഴി വിൽക്കുന്ന മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും പോഷക സപ്ലിമെന്റുകൾക്കും വിൽപനയുടെ ലാഭവിഹിതം അഞ്ച് ശതമാനം കുറയുക്കും. നേരത്തെ പുറപ്പെടുവിച്ച ഈ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഈ ഉൽപ്പന്നങ്ങൾക്ക് പരമാവധി 45 ശതമാനം ലാഭ വിഹിതം ഈടാക്കുവാനാണ് ആരോഗ്യ മന്ത്രാലയം ഫാർമസികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതിനു പകരം ഏപ്രിൽ ഒന്ന് മുതൽ ഈ വിഭാഗത്തിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾക്ക് പരമാവധി ലാഭ വിഹിതം 40 ശതമാനം മാത്രമേ ഈടാക്കാൻ അനുമതി നൽകുകയുള്ളു.
ആരോഗ്യ മന്ത്രാലയത്തിലെ ക്ലിനിക്കുകളിൽ ചികിത്സ തേടി എത്തുന്ന പ്രവാസികൾക്ക് മരുന്നുകൾ വാങ്ങുന്നതിനു 5 ദിനാർ അധിക ഫീസ് നൽകണം എന്നതിനാൽ താഴ്ന്ന വരുമാനക്കാരായ ഭൂരിഭാഗം പേരും മരുന്നുകൾക്കായി സ്വകാര്യ ഫാർമസികളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ മരുന്നുകൾക്ക് ഉണ്ടാകുന്ന ചെറിയ തോതിലുള്ള വിലക്കുറവ് പോലും സാധാരണക്കാരായ പ്രവാസികൾക്ക് ഗുണകരമാകും.