കുവൈത്ത് സിറ്റി : പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യങ്ങളിൽ കുവൈറ്റ് ഒന്നാം സ്ഥാനം നേടി. 2023 ലെ മെർസർ സൂചിക പ്രകാരമാണ് കുവൈത്ത് ഈ നേട്ടം കൈവരിച്ചത് . ആഗോള തലത്തിൽ പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയിൽ കുവൈത്ത് 131 ആം സ്ഥാനത്ത് ആണ് ഉള്ളത്.കഴിഞ്ഞ വർഷം ദോഹ ആയിരുന്നു ഈ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ദോഹ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അന്താ രാഷ്ട്ര തലത്തിൽ 227 നഗരങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.ഭക്ഷണം, പാർപ്പിടം, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഗതാഗതം തുടങ്ങി 200 ൽ അധികം ഘടകങ്ങളാണ് ഇതിനായി അടിസ്ഥാനമാക്കിയത്. ദുബായ്, അബുദാബി, റിയാദ്, മനാമ, ജിദ്ദ എന്നിവയാണ് പ്രവാസികൾക്ക് ഏറ്റവും അധികം ജീവിത ചെലവേറിയ ഗൾഫ് നഗരങ്ങൾ.ആഗോള തലത്തിൽ ദുബൈ 18-ാം സ്ഥാനത്തും റിയാദ് 85 ആം സ്ഥാനത്തുമാണുള്ളത്.ആഗോളതലത്തിൽ, പ്രവാസി തൊഴിലാളികൾക്ക് ഏറ്റവും ജീവിത ചെലവേറിയ ആറു നഗരങ്ങൾ ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച്, ജനീവ, ബേസൽ, ന്യൂയോർക്ക് എന്നിവയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.