കുവൈറ്റ്: സൗദി – കുവൈത്ത് സമുദ്രാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുറ എണ്ണപ്പാടത്തിനു മേലുള്ള ഇറാന്റെ അവകാശ വാദം കുവൈത്ത് പൂർണ്ണമായും നിരാകരിച്ചു. ‘ ദുറ എണ്ണപ്പാടം കുവൈത്തിന്റെയും സൗദിയുടെയും മാത്രം പ്രകൃതി സമ്പത്തിന്റെ ഭാഗമാണ് . അതിൽ , മറ്റൊരു കക്ഷിക്കും അവകാശമില്ലെന്ന് കുവൈത്ത് ഉപപ്രധാന മന്ത്രിയും എണ്ണ, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ ഡോ. സഅദ് അൽ ബറാക്ക് വ്യക്തമാക്കി.
ദുറ എണ്ണപ്പാടവുമായി ബന്ധപ്പെട്ട് കുവൈത്തിനെതിരെ ഇറാൻ ഉന്നയിച്ച ആരോപണങ്ങൾ തങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തുന്നതായും മന്ത്രി കൂട്ടി ചേർത്തു. അന്താരാഷ്ട്ര ബന്ധങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണ്, ഇത്തരം ആരോപണങ്ങൾ .പ്രദേശത്തിനു മേൽ എന്തെങ്കിലും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനു മുമ്പ് ആദ്യം അന്താരാഷ്ട്ര സമുദ്രാതിർത്തി നിർണ്ണയത്തിനു ഇറാൻ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാഴ്ച്ച മുമ്പാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളഹിയാൻ കുവൈത്തിൽ സന്ദർശനം നടത്തിയത്. കുവൈത്ത് സന്ദർശനത്തെ തീർത്തും അനുകൂലമായാണ് ഇറാൻ വിശേഷിപ്പിച്ചത്. അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഇറാൻ നടത്തി വരുന്ന പ്രസ്താവനകളിൽ കുവൈത്ത് ആശ്ചര്യം പ്രകടിപ്പിച്ചു. അതെ സമയം ദുറ എണ്ണപാടങ്ങളിൽ കുവൈത്തിന്റെ പരമാധികാര അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നതായി കുവൈത്ത് പാർലമെന്റ് അംഗവും ഷിയാ ബ്ലോക്ക് നേതാവുമായ ജിനാൻ അൽ ബുഷഹരി വ്യക്തമാക്കി.