കുവൈത്ത്: കുവൈത്തിൽ കാലാവധി കഴിഞ്ഞ പാൽപൊടി ഉപയോഗിച്ച് ചായ കച്ചവടം നടത്തിയ റെസ്റ്റോറന്റ് അടച്ചു പൂട്ടി. ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിൽ ആണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുറ്റാന്വേഷണ വിഭാഗം നടത്തിയ റെയ്ഡിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പാൽ പൊടി ഉപയോഗിച്ച്കൊണ്ടായിരുന്നു ഇവിടെ ചായ കച്ചവടം നടത്തിയിരുന്നത്. മാത്രമല്ല ഇവയുടെ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ റേഷൻ വഴി സ്വദേശികൾക്ക് നൽകുന്ന നിരവധി പാൽപൊടി അടങ്ങിയ ടിന്നുകളും പിടിച്ചെടുത്തു.റെസ്റ്റോറന്റിലെ മാനേജരായ പ്രവാസിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു., ജിലീബ് അൽ-ഷുയൂഖ് പ്രദേശത്തെ ഒരു ഏഷ്യക്കാരനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ചതാണ് പാൽ പൊടി എന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മുനിസിപാലിറ്റി ഉദ്യോഗസ്ഥർ എത്തിയാണ് റെസ്റ്റോറന്റ് അടച്ചു പൂട്ടിയത്. വിവിധയിനം ചായകൾക്ക് പേര് കേട്ടതാണ് അടച്ചു പൂട്ടിയ സ്ഥാപനം. എന്നാൽ സ്ഥാപനത്തിന്റെ പേര് വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.