കുവൈത്തിലെ റോഡ് അറ്റകുറ്റപണികൾ വൈകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ശൈത്യകാലം അടുത്തുവരുന്നതിനാൽ പ്രധാന റോഡുകളുടെയും തെരുവുകളുടെയും പണികൾ അനിശ്ചിതമായി നീളുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സൂചനകൾ.
നേരത്തെ അറ്റകുറ്റപ്പണികൾക്കായി ധനമന്ത്രാലയം 240 ദശലക്ഷം ദിനാർ അനുവദിച്ചിരുന്നു. ജൂലൈ മാസമായിരുന്നു പൊതുമരാമത്ത് മന്ത്രാലയം മെയിന്റനൻസ് കരാറിനായി അന്താരാഷ്ട്ര ടെൻഡറുകൾ വിളിച്ചത്. ഇന്ത്യയിൽ നിന്ന് അടക്കമുള്ള അന്താരാഷ്ട്ര കമ്പനികൾ ബിഡുകളിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസത്തോടെ അസ്ഫാൽറ്റ് സ്ഥാപിക്കൽ ജോലികൾ ആരംഭിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ ആരംഭിക്കാനായിട്ടില്ലായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ പൊതു സുരക്ഷ ഉറപ്പാക്കാൻ റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ മന്ത്രിമാരുടെ കൗൺസിലും നിർദ്ദേശം നൽകിയിട്ടുണ്ട്. വിൻറർ സീസൺ അടുത്തതോടെ റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തുവാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് മന്ത്രാലയം.