കുവൈത്ത്: നീണ്ട വേനൽക്കാലത്തെ ചൂടിന് വിരാമമിട്ട് വ്യാഴാഴ്ച രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപെട്ടു. രാവിലെ ആരംഭിച്ച മഴ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെയാണ് പെയ്തത്.
മറ്റിടങ്ങളിൽ മഴ ശക്തമായില്ലെങ്കിലും കാലാവസ്ഥയിലെ മാറ്റം പ്രകടമായിരുന്നു. മഴ എത്തിയതോടെ താപനിലയിൽ കുറവുണ്ടായിട്ടുണ്ട്.
വൈകാതെ താപനില കുറഞ്ഞുവരുകയും കടുത്ത തണുപ്പുകാലത്തേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും. തണുപ്പുകാല വരവിന്റെ സൂചനയായാണ് മഴയെ കണക്കാക്കുന്നത്. വരുംദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. കടുത്ത ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്.