കുവൈത്ത്: കുവൈത്തിലെ വിദേശികൾക്ക് നിബന്ധനകളോടെ കുടുംബ സന്ദർശക വിസ അനുവദിക്കുന്നത് പ്രാബല്യത്തിലായിരിക്കെ സന്ദർശക വിസ നിയമം ലംഘിക്കുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയം പുതിയ മുന്നറിയിപ്പ് നൽകി. കുവൈത്തിൽ താമസിക്കാൻ അനുവാദമുള്ള സമയം കഴിഞ്ഞതിനു ശേഷവും രാജ്യത്ത് താമസിക്കുന്ന സന്ദർശകനേയും കൊണ്ടുവന്ന സ്പോൺസറായ വിദേശിയെയും നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. അതായത് ഒരു മാസ കാലയളവ് കണക്കാക്കി ഒരാളെ സന്ദർശക വിസയിൽ കൊണ്ടുവരികയും ആ കാലാവധി അവസാനിക്കുകയും ചെയ്താൽ സന്ദർശകന് വീണ്ടും ഒരാഴ്ച സമയം അനുവദിക്കും .ഈ ഒരാഴ്ചക്കുള്ളിൽ പിഴ അടച്ച് നാടുവിട്ടില്ലെങ്കിൽ സന്ദർശകനേയും അയാളെ കൊണ്ടുവന്ന സ്പോൺസറേയും നാടുകടത്തുകയാണ് ചെയ്യുകയെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ സാലിം അൽ നവാഫ് വ്യക്തമാക്കി.