കുവൈത്ത്: ആഗോള സന്തോഷ സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടി. ഇക്കാര്യത്തിൽ കുവൈത്തിന് ലോക തലത്തിൽ 13 ആം സ്ഥാനവുമുണ്ട്. അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ലോകത്തെ 143 രാജ്യങ്ങളെ താരതമ്യം ചെയ്ത് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വാർഷിക സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
2021- 2023 കാലയളവിൽ രാജ്യത്ത് താമസിച്ചവരുടെ ജീവിത നിലവാരം ,സാമൂഹിക സാഹചര്യം ,വരുമാനം, സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം എന്നീ അടിസ്ഥാന ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത് .അറബ് ലോകത്ത് ഈ വിഷയത്തിൽ കുവൈത്തിന് ശേഷം യുഎഇ ആണ് രണ്ടാം സ്ഥാനത്ത് . ആഗോളതലത്തിൽ യുഎഇ ക്ക് 22-ാം സ്ഥാനമുണ്ട് .സൗദി അറേബ്യ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ലോകത്ത് 28-ാം സ്ഥാനത്തും എത്തി. ആഗോളതലത്തിൽ തുടർച്ചയായ ഏഴാം വർഷവും ഫിൻലൻഡ് തന്നെയാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി നേടിയത്.
ഇതിന് നേരെ വിപരീതമായി ലബനോനും അഫ്ഗാനിസ്ഥാനുമാണ് യഥാക്രമം ഈ പട്ടികയിൽ ഏറ്റവും പിറകിലുള്ള രണ്ടു രാജ്യങ്ങൾ. ലോകത്ത് കൂടുതൽ സന്തോഷം അനുഭവിക്കുന്നവരുള്ള ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് നിന്ന് അമേരിക്ക പുറത്തായതാണ് ഇക്കാര്യത്തിൽ ഈ വർഷത്തെ പ്രത്യേകത . അമേരിക്ക ലോകത്തിൽ 23-ാം സ്ഥാനത്തും ബ്രിട്ടൻ ലോക തലത്തിൽ 20-ാം സ്ഥാനത്തുമാണുള്ളത് .സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് റാങ്കിംഗിൽ ആധിപത്യം പുലർത്തിയത്. ഡെന്മാർക്ക്, ഐസ്ലൻഡ് , സ്വീഡൻ എന്നീ രാജ്യങ്ങളാണ് ലോക തലത്തിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.