കുവൈത്ത് സിറ്റി: ക്രമസമാധാന നില പരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി കുവൈത്ത്. 2024 വർഷത്തിലെ ആഗോള സുരക്ഷാ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടാൻ കുവൈത്തിന് കഴിഞ്ഞു. 140 രാജ്യങ്ങളിൽ നിന്നുള്ള 146,000 ആളുകൾ പങ്കെടുത്ത സർവേയിൽ ക്രമ സമാധാന പരിപാലന വിഭാഗത്തിൽ 98 പോയിന്റുകൾ നേടിയാണ് കുവൈത്ത് ഒന്നാം സ്ഥാനം നേടിയത്. വ്യക്തിഗത സുരക്ഷ, പോലീസിലുള്ള വിശ്വാസം, ആക്രമണങ്ങൾ, കവർച്ച മുതലായ കുറ്റകൃത്യങ്ങൾക്ക് ഇരയാകൽ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ തയ്യാറാക്കിയത്.
97 പോയിന്റ്ുമായി സിംഗപ്പൂരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 95 പോയിന്റുമായി താജിക്കിസ്ഥാനും 93 പോയിന്റുമായി നോർവേയും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ആഭ്യന്തര പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന കുവൈത്ത് ഒന്നാം പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം രാജ്യത്ത് ക്രമ സമാധാനനില കർശനമായാണ് നടപ്പിലാക്കി വരുന്നത്. ഈ വർഷം ജനുവരി മുതലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.