കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള വിദേശികൾക്ക് ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ ഇളവ് അനുവദിക്കുമെന്ന് റിപ്പോർട്ട്. വിദേശികൾക്ക് പ്രതി വർഷം താമസ രേഖ പുതുക്കുന്നതിന് ഫീസ്, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ 1000 ദിനാറോളം ചെലവ് വേണ്ടി വരുമെന്നത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് വിവരം.
യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയത് 2021 ജനുവരി ഒന്ന് മുതലാണ്. അടുത്തിടെ, 60 വയസ്സ് കഴിഞ്ഞ സർക്കാർ സർവീസിലെ വിദേശ ജീവനക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറാൻ അനുവാദം നൽകിയിരുന്നു.
കുവൈത്തിൽ 60 വയസ് കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ 97,622 വിദേശികളാണുള്ളതെന്നാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കണക്കുകൾ വ്യക്തമാക്കുന്നത്.