കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാമ്പിങ് സീസൺ മാർച്ച് 15ന് അവസാനിക്കും. ക്യാമ്പുകൾ സമയപരിധിക്ക് മുമ്പ് സ്വമേധയാ നീക്കം ചെയ്യണമെന്നാണ് ക്യാമ്പ് ഉടമകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കുവൈത്ത് മുൻസിപ്പാലിറ്റി ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. മാർച്ച് 15 നു ശേഷം മരുഭൂമിയിൽ ക്യാമ്പിങ് അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിയമപരമായ നടപടികൾ ഒഴിവാക്കാൻ ക്യാമ്പ് ഉടമകൾ അവരുടെ സൈറ്റുകൾ വൃത്തിയാക്കുകയും ചട്ടങ്ങൾ പാലിക്കുകയും വേണം. 100 ദിനാറിന്റെ ഇൻഷുറൻസ് നിക്ഷേപം വീണ്ടെടുക്കുന്നതിന് ഇത് നിർബന്ധമായി ചെയ്തിരിക്കണം. നിക്ഷേപം വീണ്ടെടുക്കുന്നതിന് ക്യാമ്പ് ഉടമകൾ മുൻസിപ്പാലിറ്റികൾക്ക് അഭ്യർത്ഥന സമർപ്പിക്കുകയും വേണം. സമയപരിധി പാലിക്കാത്ത ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനുള്ള ഫീൽഡ് ടീമുകളുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ സ്പ്രിങ് ക്യാമ്പ്സ് കമ്മിറ്റി ഞായറാഴ്ച യോഗം ചേരുന്നുണ്ട്. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് കുവൈത്തിലെ ക്യാമ്പിംഗ് സീസൺ. ഈ കാലയളവിൽ കുവൈത്തിൽ നിർണയിച്ചു നൽകിയ മരു പ്രദേശങ്ങളിൽ തമ്പ് കെട്ടി തണുപ്പ് ആസ്വദിക്കാം. നിരവധി പേരാണ് എല്ലാവർഷവും കുവൈത്തിൽ ക്യാമ്പിങ് സീസൺ ആസ്വദിക്കാനായി എത്തുന്നത്.