കുവൈത്ത് സിറ്റി: കുവൈത്തിൽ വനിതാ ഡോക്ടറുടെ കാർ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്ന് പരാതി. ഷോപ്പിംഗ് കഴിഞ്ഞ് വരുന്നതിനിടയിലാണ് കാർ തട്ടിയെടുത്തത്. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ 50 വയസ്സുകാരിയുടെ കാറാണ് അക്രമി കവർന്നെടുത്തത്. ഷുവൈഖ് ഏരിയയിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷുവൈഖ് അഡ്മിനിസ്ട്രേറ്റ് ഏരിയയിലെ ഷോപ്പിംഗ് മാളിൽ നിന്ന് പുറത്തിറങ്ങി കാർ പാർക്കിംഗ് സ്ഥലത്തേക്ക് പോകുകയായിരുന്നു ഡോക്ടർ. ഇതിനിടെ ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറിന്റെ താക്കോൽ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ദേഹോപദ്രവം ഭയന്ന് ഇവർ താക്കോൽ നൽകി. ഉടൻ പ്രതി കാറെടുത്ത് കടന്നു കളയുകയായിരുന്നു. കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡോക്ടർ അന്വേഷണ സംഘത്തിന് നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സംഭവ സ്ഥലത്തെത്തി സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.