കുവൈത്ത് സിറ്റി: രാജ്യത്ത് ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാൻ തീരുമാനിച്ച് കുവൈത്ത്. ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച അദ്ദേഹം സെൻട്രൽ ജയിലിലെത്തിയിരുന്നു. തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. മുൻപ് കുവൈത്തിൽ ജീവപര്യന്തം ശിക്ഷ എന്നത് ജീവിതാവസാനം വരെയുള്ള കഠിന തടവായിരുന്നു. പ്രസ്തുത നിയമത്തിൽ കാതലായ മാറ്റം വരുത്തിയതിന് പുറമെ ഒരു പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സമിതിയുടെ മേൽനോട്ടത്തിൽ തടവ് ശിക്ഷ 20 വർഷം പൂർത്തിയാക്കാൻ മൂന്നു മാസം വരെയുള്ളവരുടെ പട്ടിക തയ്യാറാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
തടവുകാർക്ക് അവരുടെ ജീവിതം പുനർനിർമിക്കാനും ശിക്ഷക്ക് ശേഷം സമൂഹത്തിൽ ജീവിക്കാനും അവസരം ഒരുക്കും. തടവുകാരുടെ പരിഷ്‌കരണത്തിനും പുനരധിവാസത്തിന് സഹായകരമാകുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.