കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസമായ ചൊവ്വാഴ്ച ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ചൊവ്വാഴ്ച 71 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ അതായത് ഏപ്രിൽ 15 ന് രേഖപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തേക്കാൾ 71 ശതമാനം കുറവ് ആണ് ഈ ആഴ്ചയിൽ ഇതേ ദിവസം രേഖപ്പെടുത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ട്രാഫിക് സിഗ്‌നലുകളിൽ വരികൾ പാലിക്കാതിരിക്കൽ, അനധികൃത യു-ടേൺ മുതലായ നിയമലംഘനങ്ങളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്.
പുതിയ ഗതാഗത നിയമം പാലിക്കുന്നതിന് ഡ്രൈവർമാർ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും സഹകരണവുമാണ് ഇതിനു കാരണമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.